Thursday, September 6, 2012

ഒരു മലയാള സ്വപ്നം



ഈ കവിത പിറന്ന സാഹചര്യം 

             ഞാന്‍ ഇതിനു മുമ്പ് സേവനം ചെയ്ത വിദ്യാലയം അവികസിതമായ ഒരു തുരുത്തിലാണ് സ്ഥിതി ചെയ്യുന്നത്.  അതിനാല്‍ത്തന്നെ അവിടെയെത്തുന്ന കുട്ടികളുടെ എണ്ണം തീരെ കുറവാണ്. ഒരു വേനലവധി കഴിഞ്ഞു സ്കൂള്‍ തുറക്കേണ്ടതിന്റെ തലേ ദിവസമായിട്ടും ഒരു കുട്ടി പോലും വന്നെത്താത്ത വിദ്യാലയത്തിലെ പ്രഥമാധ്യാപകന്റെ മനോദു:ഖം നിങ്ങള്‍ക്കു  മനസ്സിലാകുമല്ലോ? ആ ഞായറാഴ്ച (2009 മെയ്‌ 31) വിദ്യാലയത്തില്‍ ചെന്നിരുന്നു, പിറ്റേന്ന്  നടത്തേണ്ട പ്രവേശനോല്‍സവത്തെക്കുറിച്ചു ദു:ഖത്തോടെ ചിന്തിച്ച വേളയില്‍ ഉരുത്തിരിഞ്ഞതാണ് ഈ കവിത.   ഇത് ആധുനിക മലയാള വിദ്യാലയങ്ങളുടെ നേര്‍ക്കാഴ്ചയായി കരുതാവുന്നതാണ്.

ഒരു മലയാള സ്വപ്നം 


ഇനിയെത്ര നാളീ വിദ്യാലയത്തിന്‍ 
മണി മുഴങ്ങും കണ്ഠമിടറിടാതെ ?
ഇനിയെത്ര നാളീ മരത്തണലില്‍ 
നിരനിരയായ്നിന്നസംബ്ലി ചേരും?
ഇനിയെത്രനാളീ മരങ്ങളും പൂക്കളും  
സര്‍വേശ സ്തുതിഗീതമേറ്റുപാടും ?
ഇനിയെത്രനാളീയങ്കണത്തില്‍ - പിഞ്ചു 
പദചലനം    കാണുമീവിധത്തില്‍ ? നിത്യ 
വിസ്മൃതി തന്നോരമണയുന്നു മലയാള 
വിദ്യാലയങ്ങളും സ്വപ്നങ്ങളും 
പടി കടന്നകലുന്നു മുറിവേറ്റ ഭാഷതന്‍ 
നെഞ്ചേറ്റി ലാളിച്ച സംസ്കാരവും.

നൂറ്റാണ്ടു പിന്നിട്ട വിദ്യാലയത്തിലെ 
ക്ലാസ്മുറി പണ്ടു നിറഞ്ഞിരുന്നു 
അമ്മതന്‍ ഭാഷയിലക്ഷരം തേടിയി -
ന്നെത്തുവോരഞ്ചാറു പേരു മാത്രം. 

ഇനിയേറെ നാള്‍ കഴിഞ്ഞിതുവഴി പോകുവോര്‍ -
ക്കൊരു കാഴ്ചവസ്തുവായ് മാറിയാലും 
പേരക്കിടാങ്ങളുമായൊരിക്കല്‍ 
വാതില്‍ക്കലെത്തി വിദ്യാലയത്തിന്‍ 
പഴകിദ്രവിച്ചൊരാ  ചുമരില്‍ പുണര്‍ "ന്നെന്നെ 
ഞാനാക്കിയ മാറ്റിയ വിദ്യാലയം" എന്നു 
നെഞ്ചോടു കൈ ചേര്‍ത്തു മന്ത്രിക്കുവോരെന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ.

വിദ്യാലയം സ്വന്തമമ്മയായും 
മലയാളമമ്മതന്‍ ഭാഷയായും 
ഹൃദയത്തിലേറ്റു ചൊല്ലുന്ന പൈതങ്ങളും 
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ - എന്റെ
സ്വപ്നത്തിലിന്നും തെളിഞ്ഞു  നില്‍പ്പൂ.

                                                     - തോമസ്‌ ആനിമൂട്ടില്‍
                                                       ഹെഡ് മാസ്ററര്‍,
                                                       സെന്റ്‌ ജോസഫ്സ് എല്‍ . പി. സ്കൂള്‍ , ഇരവിമംഗലം
                                                       ( കുറവിലങ്ങാട് ഉപജില്ല)




LinkWithin

Related Posts Plugin for WordPress, Blogger...